
ദോഹ: ഖത്തർ പ്രിസിഷൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി (QPHI) സഹകരിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) ലാബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം 'ഹ്യൂമൻ ടിഷ്യൂ ബയോബാങ്ക്' പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചു. ശസ്ത്രക്രിയകളിലൂടെയും പരിശോധനകളിലൂടെയും നീക്കം ചെയ്യുന്ന പുതിയ ജൈവ കോശങ്ങൾ (Freshly removed biological tissue) സുരക്ഷിതമായി ശേഖരിക്കാനും സംരക്ഷിക്കാനും രോഗപരിപാലനത്തിനും മെഡിക്കൽ ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഫോർമാലിൻ അധിഷ്ഠിതമായി സംരക്ഷിച്ച കോശ സാമ്പിളുകളാണ് സൂക്ഷിച്ചിരുന്നതെന്ന് എച്ച്.എം.സി ലാബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം ചെയർപേഴ്സൺ ഡോ. ഇനാസ് അൽ കുവാരി പറഞ്ഞു. 7 ലക്ഷത്തിലധികം പാരഫിൻ ബ്ലോക്കുകളും 26 ലക്ഷത്തോളം ടിഷ്യൂ സ്ലൈഡുകളും ആദ്യഘട്ടത്തിൽ സംഭരിക്കുകയും 58 ഗവേഷണങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ അടുത്ത ഘട്ടത്തിന് തുടക്കമിടുന്നത്.
വ്യക്തിഗത ചികിത്സ രീതികൾ (Precision Medicine), ക്യാൻസർ നിർണ്ണയം, നൂതന ജീനോമിക് പരീക്ഷണങ്ങൾ (NGS) എന്നിവയ്ക്ക് ഈ ബയോബാങ്ക് വലിയ മുന്നേറ്റം നൽകും. ചികിത്സാ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കും ആവശ്യമായ സാമ്പിളുകൾ വേർതിരിച്ച് സൂക്ഷിക്കുന്നതിനൊപ്പം രോഗികളുടെ വിവരങ്ങളുടെ സ്വകാര്യതയും കർശനമായ ധാർമ്മിക നിബന്ധനകളും ഉറപ്പാക്കുന്നുമുണ്ട്.
എച്ച്.എം.സിയും ക്യു.പി.എച്ച്.ഐയും തമ്മിലുള്ള ഈ സഹകരണം ഖത്തറിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് പുതിയ കരുത്തേകുകയും, കൃത്യതയുള്ള രോഗനിർണ്ണയത്തിനും അത്യാധുനിക ചികിത്സാരീതികൾക്കും വഴിയൊരുക്കുകയും ചെയ്യും.










